
ന്യൂഡൽഹി: മങ്കിപോക്സ് അഥവാ എം പോക്സ് അതിതീവ്രമായ രീതിയിൽ പടർന്ന് പിടിക്കുകയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നൽകിയിരിക്കുന്ന നിർദേശം ഇന്ത്യയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഡൽഹിയിൽ ഇത്തരം ലക്ഷണങ്ങളോടെ എത്തുന്നവരെ ക്വാറന്‍റൈൻ ചെയ്യുന്നതിനും, ചികിത്സിക്കുന്നതിനുമായി മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സംവിധനങ്ങൾ ഒരുക്കിയിരിക്കുന്നത് റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ്.
കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും എം പോക്സിൻ്റെ സാഹചര്യത്തിൽ കരുതിയിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ ആശുപത്രികളെ നോഡൽ സെൻ്ററായി നിയോഗിച്ച് ജനങ്ങൾക്ക് വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. രാജ്യത്ത് നിലവിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതോടൊപ്പം രോഗനിർണ്ണയത്തിനായി ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ എം പോക്സ് പരിശോധിക്കാൻ സജ്ജമായിട്ടുള്ളത് രാജ്യത്തെ 32 ലബോറട്ടറികളാണ്.