ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ (India Cancer Risk Lifestyle Changes). നിലവിൽ കാൻസർ കേസുകളുടെ എണ്ണത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓരോ വർഷവും ഏകദേശം 15 ലക്ഷത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും ഇതിൽ പകുതിയിലധികം കേസുകളും തടയാൻ സാധിക്കുമെന്ന് തടയാനാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാന വില്ലന്മാരായി ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി ഒരേയിടത്ത് ഇരുന്നുള്ള ജോലി, ഉറക്കമില്ലായ്മ, അമിതമായി സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളുടെ (Ultra-processed foods) ഉപയോഗം എന്നിവ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. വീടിനുള്ളിലെ വായു മലിനീകരണം, കൊതുകു തിരികളുടെ ഉപയോഗം, ശരിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകൾ എന്നിവയും ശ്വാസകോശ സംബന്ധമായ കാൻസറുകൾക്ക് കാരണമാകുന്നുണ്ട്.
സ്ത്രീകളിൽ സ്തനാർബുദത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണവും മദ്യപാനവുമാണ്. പുരുഷന്മാരിൽ പുകയിലയുടെ ഉപയോഗമാണ് ഏറ്റവും കൂടുതൽ കാൻസർ കേസുകൾക്ക് കാരണമാകുന്നത്. പുകയില പൂർണ്ണമായും ഉപേക്ഷിക്കുന്നതും മദ്യപാനം പരിമിതപ്പെടുത്തുന്നതുമാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും ഈ മാരക രോഗത്തെ ഒരു പരിധി വരെ അകറ്റിനിർത്താൻ നമുക്ക് സാധിക്കും.



