

രാത്രിഭക്ഷണം കഴിഞ്ഞു മണിക്കൂറുകൾക്കു ശേഷമാണു പ്രഭാത ഭക്ഷണം. ബ്രെയ്ൻ ഫുഡ് എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നത്. അതിനാൽ തന്നെ എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കാൻ പാടില്ല. കുട്ടികൾക്ക് പൊതുവെ പച്ചക്കറികളും പഴങ്ങളും ഒക്കെ കഴിക്കാൻ മടിയാണ്. അവർക്ക് നൽകാനായി വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. ഇതിലേക്ക് ആവശ്യത്തിന് പച്ചക്കറികളും നട്സും ചേർത്ത് ആരോഗ്യപ്രദമാക്കാം.
ചേരുവകൾ
റവ - 1 കപ്പ്
വെള്ളം - 1 1/2 കപ്പ്
സവാള - 1 ഇടത്തരം വലുപ്പം, ചെറുതായി അരിഞ്ഞത്
കാരറ്റ് - 1/4 കപ്പ്
ഇഞ്ചി - 1 ടീസ്പൂണ്
പച്ചമുളക് - 1 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂണ്
ഉഴുന്നു പരിപ്പ്- 1/2 ടീസ്പൂണ്
കശുവണ്ടിപ്പരിപ്പ് - 5-10 എണ്ണം
കറിവേപ്പില - 1 തണ്ട്
നെയ്യ് - 1 ടീസ്പൂണ്
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 1/2 ടീസ്പൂണ്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുക് ചേർത്ത് പൊട്ടിയതിന്, ശേഷം ഉഴുന്ന് പരിപ്പ്, കശുവണ്ടി എന്നിവ ചേർക്കാം. ഉഴുന്ന് പരിപ്പും കശുവണ്ടിയും ഇളം തവിട്ട് നിറമാകുമ്പോൾ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 15 മുതൽ 30 സെക്കൻഡ് വരെ വഴറ്റുക. അരിഞ്ഞ സവാള, കാരറ്റ് എന്നിവ ചേർക്കാം. സവാള മൃദുവാകുന്നതുവരെ വഴറ്റുക. തീ കുറച്ച് തിളച്ച വെള്ളം ചേർക്കാം.
ചെറിയ തീയിൽ റവയും ഉപ്പും ചേർത്ത് 3 മിനിറ്റ് വഴറ്റുക. കട്ടകളൊന്നുമില്ലാതെ ഇളക്കി യോചിപ്പിക്കാം. അടപ്പ് അടച്ച് ഒന്നര മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് 5 മിനിറ്റ് വയ്ക്കുക. 5 മിനിറ്റിന് ശേഷം നെയ്യും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. രുചികരമായ ഉപ്പുമാവ് തയാർ. ചൂടോടെ കുട്ടികൾക്ക് വിളമ്പാം.