കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടു (Veena George Health Update). മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ കഴിയുന്ന മന്ത്രിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.
ആക്രമണത്തെത്തുടർന്ന് മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ട്. കരുതൽ നടപടിയായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുണ്ട്.
ആന്തരിക പരിക്കുകൾ ഉണ്ടോ എന്നറിയാൻ എംആർഐ സ്‌കാനിംഗ് നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
അത്യാഹിത വിഭാഗത്തിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയ മന്ത്രി നിലവിൽ നിരീക്ഷണത്തിലാണ്.
ബുധനാഴ്ച വൈകുന്നേരം 3:15-ഓടെ വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസിയുടെ നേതൃത്വത്തിലുള്ള സംഘം കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റത്.
മന്ത്രിയെ ക്രൂരമായി കൈയേറ്റം ചെയ്തുവെന്ന് സിപിഐഎം ആരോപിക്കുമ്പോൾ, പുറത്തുവന്ന ദൃശ്യങ്ങളിൽ അത്തരമൊരു കയ്യേറ്റം കാണാനില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. മന്ത്രി പ്രതിഷേധക്കാർക്ക് നേരെ ആക്രോശിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
Story Summary: Medical bulletin confirms injuries to Minister Veena George’s neck following the KSU protest at Kannur Railway Station. A medical board has recommended an MRI scan. While the LDF alleges physical assault, the UDF claims visuals show no such attack, asserting the minister confronted the protesters.

