തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.(The 5th Loka Kerala Sabha begins today)
125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500-ലധികം പ്രവാസി പ്രതിനിധികൾ മൂന്ന് ദിവസത്തെ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കുക. എട്ട് വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഇത്തവണയും പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കും. പദ്ധതി നടത്തിപ്പിലെ വ്യക്തതക്കുറവും ധൂർത്തും ആരോപിച്ചാണ് യുഡിഎഫിന്റെ ബഹിഷ്കരണം.