തിരുവനന്തപുരം: സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നിർണ്ണായക പോരാട്ടത്തിനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചാം ട്വന്റി-20 മത്സരത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ടീം അംഗങ്ങളെയും ആരാധകരെയും ചിരിപ്പിച്ച ക്യാപ്റ്റന്റെ ഇടപെടൽ.(SKY trolls Sanju Samson in Thiruvananthapuram)
വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സഞ്ജുവിനെ കണ്ടയുടൻ മുന്നിലുണ്ടായിരുന്ന സൂര്യകുമാർ യാദവ് ഉറക്കെ വിളിച്ച് പറഞ്ഞു: "വഴി മാറിക്കൊടുക്കൂ, ആരും ചേട്ടനെ ശല്യം ചെയ്യരുത്". ക്യാപ്റ്റന്റെ ഈ അപ്രതീക്ഷിത ട്രോൾ കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടാണ് സഞ്ജു പിന്നാലെ നടന്നത്. ടീമിനുള്ളിലെ സഞ്ജുവിന്റെ സ്വീകാര്യതയും താരങ്ങൾ തമ്മിലുള്ള ആത്മബന്ധവുമാണ് ഈ തമാശയിലൂടെ വ്യക്തമായതെന്ന് ആരാധകർ പറയുന്നു.
തമാശകൾക്കിടയിലും സഞ്ജു സാംസണെ സംബന്ധിച്ച് നാളെ ഗ്രീൻഫീൽഡിൽ നടക്കുന്നത് കരിയറിലെ ഏറ്റവും നിർണ്ണായകമായ മത്സരങ്ങളിലൊന്നാണ്. പരമ്പരയിലെ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മോശം പ്രകടനത്തിന്റെ പേരിൽ താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.