ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി (Shashi Tharoor Congress Candidate List). സ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ത്രീകളെ മാറ്റിനിർത്തുന്നത് ജനാധിപത്യപരമായ നീതിയല്ലെന്നും കൂട്ടിച്ചേർത്തു.കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും 9 ഇടങ്ങളിൽ മാത്രമാണ് ഇത്തവണ വനിതകൾക്ക് അവസരം നൽകിയിരിക്കുന്നത്.സ്ഥാനാർത്ഥി പട്ടികയിലെ സ്ത്രീകളുടെ കുറഞ്ഞ എണ്ണം വലിയൊരു നീതികേടാണ്. പാർലമെന്റിൽ വനിതാ ബില്ലിനെ ശക്തമായി പിന്തുണച്ച ആളാണ് താൻ. രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന നിലപാടിൽ മാറ്റമില്ല-അദ്ദേഹം പറഞ്ഞു.
വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നാണ് തീരുമാനമെടുത്തവർ പറയുന്നത്. അവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകാം. എങ്കിലും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ പ്രതീക്ഷിച്ചിരുന്നു.സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിലോ മറ്റ് നിർണ്ണായക സമിതികളിലോ താൻ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉടൻ തന്നെ കേരളത്തിലേക്ക് എത്തുമെന്നും യു.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും തരൂർ വ്യക്തമാക്കി. എന്നാൽ സ്ഥാനാർത്ഥി പട്ടികയിലെ ഈ പോരായ്മ വരും ദിവസങ്ങളിൽ പാർട്ടിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.
Story Summary
Congress MP Shashi Tharoor criticized the low representation of women in the party’s candidate list for the upcoming Kerala Assembly elections. Out of the 92 seats contested by Congress, only 9 women were given tickets, which Tharoor termed as “injustice.” He clarified that he had no role in the selection process but emphasized his support for the Women’s Reservation Bill and the need for greater female participation in politics.

