

കൊച്ചി: വാക്കുതർക്കത്തിനിടയിൽ ഒരാളോട് 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കാസർഗോഡ് സ്വദേശിനിയായ യുവതിയും അഞ്ചര വയസ്സുള്ള മകളും കിണറ്റിൽ ചാടി മരിച്ച കേസിൽ, യുവതിയുടെ ആൺസുഹൃത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.(Saying 'go die' during an argument is not incitement to suicide, says High Court)
വഴക്കിനിടയിൽ 'പോയി ചാക്' എന്ന് പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയല്ല. കേവലം വാക്കുകൾ കൊണ്ടല്ല, മറിച്ച് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിൽ ബോധപൂർവ്വമായ നീക്കങ്ങൾ നടത്തിയാൽ മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കൂ. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികൾ ഹൈക്കോടതി ഉയർത്തിക്കാട്ടി.
അധ്യാപകനായ ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനെച്ചൊല്ലി യുവതിയുമായി വഴക്കുണ്ടായിരുന്നു. കലഹത്തിനിടെ യുവാവ് പറഞ്ഞ വാക്കിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും അത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി പ്രതിയുടെ വിടുതൽ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ റിവിഷൻ ഹർജിയിലാണ് ഇപ്പോൾ അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്.