തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രശസ്ത നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുക്കൽ.(Sabarimala gold theft case, SIT questions actor Jayaram)
ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പൂജകൾക്കായി വീട്ടിലെത്തിയിട്ടുണ്ട്. എന്നാൽ കേസിനാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്ക് അറിവില്ലെന്ന് ജയറാം അന്വേഷണസംഘത്തെ അറിയിച്ചു. ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയ എസ്ഐടി, അദ്ദേഹത്തെ കേസിൽ സാക്ഷിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പൂശിയ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണ്ണം എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണക്കാക്കാനാണ് ഈ നീക്കം.
ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശിയിട്ടുണ്ടെന്നാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ നിലവിൽ എത്രത്തോളം സ്വർണ്ണം പാളികളിലുണ്ടെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാൻ നിലവിലെ റിപ്പോർട്ടുകൾ മതിയാകില്ലെന്ന് എസ്ഐടി വിലയിരുത്തുന്നു.
സന്നിധാനത്തെ പാളികളിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിച്ച് വിഎസ്എസ്സി ലാബിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിഎസ്എസ്സി ശാസ്ത്രജ്ഞർ നൽകിയ മൊഴി കേസിൽ നിർണ്ണായകമാണ്. ശബരിമലയിലെ യഥാർത്ഥ ചെമ്പ് പാളികൾ മാറ്റിയിട്ടില്ലെന്നും, ഈ പാളികൾക്ക് മുകളിൽ പൊതിഞ്ഞ സ്വർണ്ണമാണ് കവർന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പാളികളിലെ സ്വർണ്ണം രാസഘടനാ മാറ്റത്തിലൂടെയാണ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ സാങ്കേതിക വിവരങ്ങൾ ഉൾപ്പെടുത്തി എസ്ഐടി ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്വർണ്ണക്കൊള്ളക്കേസിലെ മറ്റൊരു പ്രധാന പ്രതി സുധീഷ് കുമാർ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സ്വാഭാവിക ജാമ്യാപേക്ഷ സമർപ്പിക്കും. സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നത്.