പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാറാത്തതായി ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസികളുടെ താൽപ്പര്യവും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Party will state its stance on Sabarimala women’s entry when it needs to be said, MV Govindan)
കോടതി വിധി വന്നപ്പോഴാണ് സർക്കാർ യുവതികളെ പ്രവേശിപ്പിച്ചത്. എന്നാൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യങ്ങൾ തനിക്ക് പറയാനാവില്ല. മാറാത്തതായി ഒന്നുമില്ല, നിലപാട് പറയേണ്ട സമയത്ത് പാർട്ടി അത് വ്യക്തമാക്കും, അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ സമസ്ത നൽകിയത് കൃത്യമായ മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിക്കുമുള്ള മറുപടിയാണ്. മതരാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന സമസ്തയുടെ നിലപാട് ഇടതുപക്ഷത്തിന് കരുത്തേകുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
പി.കെ. ശശിക്ക് പാർട്ടിയിൽ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിൽ ഇരിക്കുന്നത്. ശശിയല്ല, ആര് പോയാലും സി.പി.എമ്മിന് അത് വലിയ പ്രശ്നമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് അപൂർണ്ണമാണ്. ദേവസ്വം ബോർഡിന് മുന്നിൽ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനക്കേസിൽ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാര സംരക്ഷണത്തിനായി പഴയ വാശിയോടെ തന്നെ എൻഎസ്എസ് കോടതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങൾ സംരക്ഷിക്കണമെന്നാണ് എൻഎസ്എസിന്റെ നിലപാട്. വിശ്വാസികളുടെ എണ്ണം ബോധ്യപ്പെട്ടതുകൊണ്ടാകാം സർക്കാർ ഇപ്പോൾ ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്നത്. മുൻപ് നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ നിയമനടപടി സ്വീകരിക്കട്ടെ. ഇക്കാര്യത്തിൽ എൻഎസ്എസ് സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ഒന്നും ചെയ്തില്ലെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുന്ന ഘട്ടമാണിപ്പോൾ. സമുദായ സംഘടനകളുടെ വാദം എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി എൻഎസ്എസ് പൂർണ്ണ സജ്ജമാണ്. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കണം. എല്ലാ കാര്യത്തിലും സുതാര്യത വേണം. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടട്ടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂര നിലപാട്’ തന്നെ തുടരും. വിശ്വാസികൾക്ക് ഇഷ്ടമുള്ള പാർട്ടികൾക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.



