തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി (Vamanapuram child death). കണിച്ചോട് സ്വദേശികളായ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
ഇന്ന് വൈകുന്നേരം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാത്തതിനെത്തുടർന്ന് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പ്രാഥമിക പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതായാണ് സൂചന. കഴുത്തുഞെരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Summary:
A one-year-old girl named Pavithra was found dead in her home at Vamanapuram, Thiruvananthapuram. The child’s grandmother found her lying on the bed after returning from work. Police suspect murder by strangulation and have initiated an investigation.

