ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി പാലക്കാട് ചെർപ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം. നാരായണൻ നമ്പൂതിരിയെ (54) തിരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തിന് നിയോഗം ലഭിച്ചത്.(New chief priest elected in Guruvayur temple)
മേൽശാന്തി സ്ഥാനത്തേക്ക് ആകെ 49 പേരാണ് അപേക്ഷ സമർപ്പിച്ചത്. ഇന്റർവ്യൂവിനു ശേഷം യോഗ്യത നേടിയ 35 പേരുടെ പേരുകളാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ ടി.എം. നാരായണൻ നമ്പൂതിരിയുടെ പേര് ലഭിക്കുകയായിരുന്നു.
മാർച്ച് 31-ന് രാത്രി പുതിയ മേൽശാന്തി ഔദ്യോഗികമായി സ്ഥാനമേൽക്കും. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി 12 ദിവസം അദ്ദേഹം ക്ഷേത്രത്തിൽ ഭജനമിരിക്കും. നിലവിൽ പാലക്കാട് ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് ടി.എം. നാരായണൻ നമ്പൂതിരി.

