ചെറായി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന ഇന്ധന പ്രതിസന്ധി കേരളത്തിലെ മത്സ്യബന്ധന മേഖലയെയും സാരമായി ബാധിക്കുന്നു (Munambam fishing boat crisis). എറണാകുളം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മുനമ്പം, മുരുക്കുംപാടം മേഖലകളിൽ ബോട്ടുകളിലേക്ക് ആവശ്യമായ പാചകവാതകം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതോടെ നൂറുകണക്കിന് യാനങ്ങളാണ് കടലിൽ പോകാനാകാതെ തീരത്ത് കിടക്കുന്നത്.
മുൻകാലങ്ങളിൽ മണ്ണെണ്ണ സ്റ്റൗവുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും മണ്ണെണ്ണക്ഷാമവും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഭൂരിഭാഗം ബോട്ടുകളും ഗ്യാസ് സ്റ്റൗവുകളിലേക്ക് മാറിയിരുന്നു. ഇന്ധന ഇറക്കുമതിയിലെ തടസ്സങ്ങൾ കാരണം വിപണിയിൽ പാചകവാതകത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ബോട്ടുകളെ നേരിട്ട് ബാധിച്ചു.
ദിവസങ്ങളോളം കടലിൽ കഴിയേണ്ട യന്ത്രവൽകൃത ബോട്ടുകൾക്ക് പാചകത്തിന് ആവശ്യമായ ഇന്ധനമില്ലാതെ യാത്ര തുടങ്ങാൻ കഴിയില്ല. ഇത് ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നു.സ്ഥിതി തുടർന്നാൽ മത്സ്യബന്ധനത്തിനൊപ്പം അനുബന്ധ മേഖലകളും പൂർണ്ണമായി സ്തംഭിക്കുമെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോർഡിനേഷൻ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ ആവശ്യപ്പെട്ടു.
Story Summary:
The fishing sector in Munambam and Murukkumpadam areas of Kochi is facing a severe crisis due to the shortage of cooking gas (LPG). Many mechanized boats are unable to go fishing as they lack fuel for cooking on board. The Munambam Fishing Boat Coordination Committee has urged the government to intervene urgently to resolve the crisis.

