ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം. റോയിയുമായി തനിക്ക് ഒരു സുഹൃത്തിനപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു (Mohanlal on Roy CJ death).
“പ്രിയ സുഹൃത്ത് റോയിയുടെ വിയോഗവാർത്ത വിശ്വസിക്കാനാകുന്നില്ല. മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒന്നാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. റോയ് എന്നും സ്നേഹത്തോടെ ഓർമ്മിക്കപ്പെടും.” – മോഹൻലാൽ കുറിച്ചു. മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാണത്തിൽ റോയ് പങ്കാളിയായിരുന്നു.
അന്വേഷണം ഊർജിതം:
റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഡി.സി.പിയുടെ നേതൃത്വത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. റോയിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ബാലസ്റ്റിക് ഫോറൻസിക് പരിശോധനാ ഫലം വന്നാലുടൻ മരണകാരണം ആത്മഹത്യ തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കും.
ഐ.ടി വകുപ്പിനെതിരെ ആരോപണം:
കേരളത്തിൽ നിന്നുള്ള ഐ.ടി ഉദ്യോഗസ്ഥർ റോയിക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി അദ്ദേഹത്തിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് വെളിപ്പെടുത്തി. മൂന്ന് ദിവസമായി റെയ്ഡ് തുടരുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പോലീസ് ആദായനികുതി വകുപ്പിൽ നിന്ന് തേടും.
സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും. വിദേശത്തായിരുന്ന കുടുംബാംഗങ്ങൾ ബെംഗളൂരുവിൽ എത്തിച്ചേർന്നു.

