തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി (Minister V. Sivankutti). പാഠപുസ്തകം നേരത്തെ നൽകുന്നതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിശേഷിപ്പിച്ച ചെന്നിത്തലയുടെ പ്രസ്താവന മണ്ടത്തരമാണെന്ന് മന്ത്രി പരിഹസിച്ചു. ഇത്തരത്തിൽ മണ്ടത്തരം വിളിച്ചു പറയുന്ന ഒരാളെയാണോ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതെന്നും ശിവൻകുട്ടി ചോദിച്ചു.
ചെന്നിത്തല അംഗമായിരുന്ന മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ പരിഷ്കാരത്തിന് തുടക്കമിട്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. തൃശൂരിലെ സ്കൂൾ കലോത്സവത്തിൽ തന്നെ മികച്ച മന്ത്രി എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൊട്ടടുത്ത ദിവസം വാക്കുമാറ്റിയതിനെയും മന്ത്രി വിമർശിച്ചു. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയാകാനാണ് സതീശന്റെ ശ്രമം. കോൺഗ്രസിനുള്ളിൽ തന്നെ തമ്മിലടിയാണ്. സതീശന്റെ ജാഥാ സമാപനത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും സതീശൻ പേടിക്കേണ്ടതില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഭിന്നശേഷി സംവരണ വിഷയത്തിൽ എല്ലാ മതസഭാ നേതൃത്വങ്ങളോടും സർക്കാർ തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ നിസ്സാരനായി കാണുന്നില്ലെങ്കിലും, അദ്ദേഹത്തെ മണ്ഡലത്തിൽ ആർക്കും അറിയില്ലെന്നതാണ് വസ്തുതയെന്നും ശിവൻകുട്ടി പരിഹസിച്ചു.
Summary: Education Minister V. Sivankutti mocked Ramesh Chennithala for criticising the early distribution of textbooks, questioning his leadership role in the Congress election campaign and dismissing his comments as foolish.



