മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വയോധികൻ മരിച്ചു (Mattannur Temple Food Poisoning). പേരാവൂർ പൂവത്തുംകണ്ടി വിജയൻ (70) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ചത്. ക്ഷേത്രത്തിലെ സദ്യ കഴിച്ച 300-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ഏപ്രിൽ ആറിനാണ് കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിൽ ഉത്സവ സദ്യ നടന്നത്. ഭക്ഷണം കഴിച്ചവർക്ക് ഏഴാം തീയതി ഉച്ചയോടെയാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടമായത്. കടുത്ത വയറിളക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആളുകൾ മട്ടന്നൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടി.
വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പൊറോറയിലെ നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുടെ സ്രോതസ്സ് കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധനകൾ ആരംഭിച്ചു. സദ്യയിൽ വിളമ്പിയ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പച്ചടിയുടെയും സദ്യയ്ക്കായി ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതിനാൽ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂർ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള ശുചിത്വ നടപടികൾ പൂർത്തിയാക്കി.
Story Summary:
A 70-year-old man, Vijayan from Peravoor, died of food poisoning after consuming a feast (sadya) at the Kara Puthiyedath Madappura temple in Mattannur, Kannur. Over 300 people have sought medical treatment across various hospitals after showing symptoms like diarrhea and fever. Preliminary investigations suggest the ‘pachadi’ served during the feast might be the source of the poisoning. Health officials have collected food and water samples for testing, and Mattannur police have registered a case.

