തിരുവനന്തപുരം : സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി കെഎസ്ആർടിസി ജീവനക്കാർ ഈ സമൂഹത്തിലെ രോഗികൾക്ക് നൽകുന്ന സമ്മാനമാണ് എന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇതൊരു പാസ് അല്ല, ഓസ് അല്ല, ഔദാര്യമല്ല, മറിച്ച് കെഎസ്ആർടിസി അതിന്റെ മികവിനൊപ്പം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനമാണ്. കാർഡിൽ ‘രോഗി’ എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നതിനാൽ, അതിൽ ‘ഹാപ്പി ലോങ്ങ് ലൈഫ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് ക്യാൻസർ ബാധിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികമായ തകർച്ചയും യാത്രാക്ലേശവും ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി.
അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍....
1. https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
2. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ , ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്‌ലോഡ് ചെയ്യണം.
3. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.
4. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
5. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. RFID കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.