കോഴിക്കോട്: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു (Kozhikode House Robbery). പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിയുടെ തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വിനോദ് ഭട്ടതിരിയും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം.
വൈകിട്ട് കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
അഞ്ച് പവൻ, മൂന്ന് പവൻ തൂക്കമുള്ള മാലകൾ, നാല് പവൻ വളകൾ, ബ്രേസ്ലെറ്റ്, കമ്മലുകൾ, മോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഒന്നര പവൻ സ്വർണം അടങ്ങിയ വിലപിടിപ്പുള്ള സ്വിസ് വാച്ചും ലോക്കറ്റും മോഷ്ടാക്കൾ കൊണ്ടുപോയി. എന്നാൽ സ്വർണത്തിനൊപ്പം ഉണ്ടായിരുന്ന വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടാക്കൾ തൊട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നഗരമധ്യത്തിൽ നടന്ന ഈ വൻ കവർച്ച നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
Short Story Summary:
A major robbery took place at the residence of cyber security expert Dr. Vinod Bhattathiri in Kozhikode. While the family was away visiting Guruvayur temple, thieves broke into the house and stole 21 sovereigns of gold ornaments, including necklaces, bangles, and a gold-embedded Swiss watch. Interestingly, expensive mobile phones kept nearby were left untouched. Nadakkavu police are investigating the case based on CCTV footage showing a suspicious person near the premises.

