തിരുവനന്തപുരം: കത്രിക കൊണ്ട് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് അതീവ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുവയസുകാരന് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (Kimshealth Trivandrum Surgery News). തമിഴ്നാട് സ്വദേശിയായ ബാലനാണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
വീട്ടിലിരുന്ന് പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനിടെ കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കത്രിക കഴുത്തിൽ തറയ്ക്കുകയായിരുന്നു. ഇടത് കോളർ ബോണിന് സമീപമുള്ള പ്രധാന രക്തധമനി മുറിഞ്ഞതിനെത്തുടർന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും കുട്ടിയുടെ നില വഷളാവുകയും ചെയ്തു. ഉടൻ തന്നെ കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
സിടി സ്കാനിംഗിൽ കുട്ടിയുടെ ഇടത് കൈയിലേക്കുള്ള രക്തപ്രവാഹം പൂർണ്ണമായും നിലച്ചതായി കണ്ടെത്തി. പ്രധാന ധമനി പൂർണ്ണമായും മുറിഞ്ഞതായിരുന്നു ഇതിന് കാരണം. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണൻ വി-യുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട വാസ്കുലർ ശസ്ത്രക്രിയ നടത്തി.
അമിത രക്തസ്രാവത്തിനിടയിൽ മുറിഞ്ഞ ധമനി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. അതീവ നേർത്ത നൂലുകൾ ഉപയോഗിച്ചാണ് ധമനികൾ തുന്നിച്ചേർത്തത്. മറ്റ് സുപ്രധാന നാഡികൾക്ക് പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ഡോ. സൗമ്യ രമണൻ പറഞ്ഞു.
കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ഷാജി പലങ്ങാടൻ, അനസ്തീഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി പൂർണ്ണ ആരോഗ്യവാനായി ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Story Summary:
Kimshealth Trivandrum successfully performed a complex vascular surgery on a four-year-old boy from Tamil Nadu who sustained a life-threatening neck injury from scissors. While making paper crafts, the scissors accidentally severed a major artery near his collarbone, stopping blood flow to his left arm. A team led by Dr. Soumya Ramanan V restored the blood flow during a two-hour surgery. After a week of recovery, the child was discharged in stable condition.

