തിരുവനന്തപുരം/ന്യൂഡൽഹി: വിവാദമായ നവകേരള സർവേയ്ക്കായി ഇതുവരെ ചെലവായ തുകയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു (Navakerala Survey Cost Details). സർവേയ്ക്കായി ആകെ അനുവദിച്ച 20 കോടി രൂപയിൽ 13.04 കോടി രൂപയാണ് ഇതുവരെ ചെലവായതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സർക്കാർ കോടതിയിൽ നൽകിയ കണക്കുകൾ പ്രകാരം പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്:
ബ്രോഷറുകൾ: 5.54 കോടി രൂപ.
കത്തുകൾ: 1 കോടി രൂപ.
വോളണ്ടിയർമാരുടെ യാത്ര: 1.45 കോടി രൂപ.
വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് ഏകദേശം 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി അഭിപ്രായം തേടാനാണ് സർക്കാർ ഈ സർവേയിലൂടെ ലക്ഷ്യമിട്ടത്. കുടുംബശ്രീ അംഗങ്ങളും സന്നദ്ധ സേനാ വോളണ്ടിയർമാരുമാണ് ഇതിനായി വിവരശേഖരണം നടത്തിയത്.
അതേസമയം , നവകേരള സർവേയുമായി ബന്ധപ്പെട്ട നിയമപോരാട്ടം നിർണ്ണായക ഘട്ടത്തിലാണ്. ബജറ്റ് അനുമതിയില്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വിവരശേഖരണമാണെന്ന് ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ഈ സർവേ റദ്ദാക്കിയിരുന്നു.ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ സർക്കാരിന് അനുമതി നൽകുകയും ചെയ്തു. ഭാവിയിൽ വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ജനകീയ അഭിപ്രായ രൂപീകരണത്തിനായാണ് സർവേയെന്നാണ് സർക്കാർ വാദം. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷം രാഷ്ട്രീയമായ വിമർശനങ്ങൾ തുടരുകയാണ്.
Story Summary:
The Kerala government informed the Supreme Court that ₹13.04 crore has been spent so far on the Navakerala Survey out of the allocated ₹20 crore. The expenses include ₹5.54 crore for brochures, ₹1 crore for letters, and ₹1.45 crore for volunteer travel. Although the Kerala High Court quashed the survey in February 2026 citing lack of budget approval, the Supreme Court stayed the order and permitted the government to proceed, noting that seeking public opinion on welfare schemes is permissible.

