തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയെ സ്തംഭിപ്പിച്ചുകൊണ്ട് ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 8,640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 1,31,000 രൂപയും കടന്ന് മുന്നേറുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,31,160 രൂപയാണ്.(Kerala Gold price on record height today)
സ്വർണവില കുതിച്ചുയരുന്നത് വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിസ്ഥാന വിലയായ 1,31,160 രൂപയോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും, ഹാൾമാർക്കിങ് ചാർജുകളും ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.42 ലക്ഷം രൂപയ്ക്കും മുകളിൽ ഇന്ന് നൽകേണ്ടി വരും. ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളും ആഗോള രാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവിലയെ സ്വാധീനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ രൂപയുടെ വിനിമയ നിരക്കിലുണ്ടായ വ്യതിയാനങ്ങളും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട സൂചനകളും ആഗോള വിപണിയിലെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞതും വില ഇത്രയധികം ഉയരാൻ കാരണമായി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.