തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 78.22% പോളിംഗ് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ (79.1%) വർദ്ധനവ് അന്തിമ കണക്കുകൾ വരുമ്പോൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ പോളിംഗ് സംഗ്രഹം
ഏറ്റവും കൂടുതൽ: കോഴിക്കോട് (81.32%)
80 കടന്ന ജില്ല: പാലക്കാട്
ഏറ്റവും കുറവ്: പത്തനംതിട്ട (70.76%)
വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ശതമാനക്കണക്കിൽ സ്വാഭാവിക വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇനി വോട്ടെണ്ണൽ ദിനമായ മെയ് നാല് വരെയുള്ള 25 നാളുകൾ രാഷ്ട്രീയ മുന്നണികൾക്ക് നെഞ്ചിടിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ്.
അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ്
ഇന്ന് വോട്ടെടുപ്പ് നടന്ന മറ്റ് സ്ഥലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
അസം: 85.61%
പുതുച്ചേരി: 89.87% രണ്ടിടത്തും എക്കാലത്തെയും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന വിവാദങ്ങളും അക്രമങ്ങളും
കാസർകോട് തൃക്കരിപ്പൂരിലെ ഉതിരനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം വാണിമേൽ എം.യു.പി. സ്കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ചു പിടികൂടി.
ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു പോസ്റ്റ് വന്നത് വലിയ ചർച്ചയായി. അറിവോടെയല്ല പോസ്റ്റ് വന്നതെന്ന വിശദീകരണത്തോടെ പിന്നീട് ഇത് പിൻവലിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളെ പ്രക്ഷുബ്ധമാക്കി.
Story Summary:
The 2026 Kerala Assembly elections concluded with a strong voter turnout, recording 78.22% polling as per the latest updates. Kozhikode district topped the list with 81.32%, while Pathanamthitta recorded the lowest at 70.76%. Meanwhile, Assam (85.61%) and Puducherry (89.87%) witnessed record-breaking voter participation. The day was marked by several controversies, including a cowhage powder attack on a UDF agent in Trikkaripur and the detention of a minor for alleged fraudulent voting in Nadapuram. The counting of votes is scheduled for May 4.

