കാസർകോട്: ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Kasaragod Cyber Police Arrest). ഇരിയണ്ണി ബേപ്പ് നിട്ടൂർമൂലയിലെ പി. അനൂപിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 11 മുതൽ 16 വരെയുള്ള ദിവസങ്ങളിലായി യുവതികളുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങളാണ് പ്രതി മോർഫ് ചെയ്തത്. ഇവ അശ്ലീല രൂപത്തിലാക്കി ടെലിഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇരകളായ യുവതികളുടെ പരാതിയെത്തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 12/26 ആയി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75 (1) (iii), 78 (1) (ii) എന്നിവയ്ക്ക് പുറമെ ഐടി ആക്ട് സെക്ഷൻ 67, 67(A) എന്നീ ഗൗരവകരമായ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പോലീസ് കണ്ടെടുത്തു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ ക്രൈം ടീമിലെ സവാദ് അഷ്റഫ്, സുധീഷ്, നജ്‌ന, വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Story Summary:
Kasaragod Cyber Crime Police arrested 24-year-old P. Anoop for morphing and circulating private photos of three women from Iriyanni. The accused allegedly turned their photos into explicit content and shared them via Telegram groups between March 11 and 16, 2026. Following a complaint, police registered a case under BNS and IT Act, seizing mobile phones and hard disks from the suspect’s residence as digital evidence.

