കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിനുള്ളിൽ കലാപം കനക്കുന്നു (Jebi Mather Mahila Congress Seat Controversy). സംഘടനയിലെ പ്രമുഖ നേതാക്കൾക്കൊന്നും സീറ്റ് ലഭിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷ ജെബി മേത്തർ പാർട്ടി നേതൃത്വത്തിന് മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയില്ലെന്നും മഹിളാ കോൺഗ്രസിനായി കൃത്യമായ പട്ടിക നൽകിയില്ലെന്നുമാണ് പ്രധാന വിമർശനം.
യൂത്ത് കോൺഗ്രസ്, കെഎസ് യു അധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ യുവനേതാക്കൾക്കായി സീറ്റ് ഉറപ്പിക്കാൻ ശക്തമായി വാദിച്ചപ്പോൾ ജെബി മേത്തർ നിസ്സംഗത പാലിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ സ്ത്രീ പ്രാതിനിധ്യം വീണ്ടും വഴിമുട്ടിപ്പോയത് സംഘടനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മഹിളാ കോൺഗ്രസ് നേതാക്കളിൽ ഒരാൾക്ക് പോലും സീറ്റ് നൽകാത്തത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.
അതേസമയം, ഉയരുന്ന വിമർശനങ്ങളെ തദ്ദേശ തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ജെബി മേത്തർ പ്രതിരോധിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അത് സംഘടനയുടെ വലിയ നേട്ടമാണെന്നുമാണ് അവരുടെ വാദം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ അവഗണന വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

