കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് (HPCL Fuel Supply Update) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ). പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി സിലിണ്ടറുകൾ എന്നിവയുടെ വിതരണം രാജ്യത്തുടനീളം സുഗമമായി നടക്കുന്നുണ്ടെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭീതി പരത്തുന്ന പ്രചാരണങ്ങൾക്കിടയിലും ഇന്ധന വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ എച്ച്പിസിഎൽ കണക്കുകൾ പുറത്തുവിട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശേഷം ഇതിനോടകം 3.8 കോടി ലിറ്റർ പെട്രോളും 6.9 കോടി ലിറ്റർ ഡീസലും വിതരണം ചെയ്തു കഴിഞ്ഞു. 9,951 ടാങ്കറുകളിലായാണ് രാജ്യത്തെ പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്.
ഏപ്രിൽ 4-ന് മാത്രം ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കായി 14.40 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള വിതരണത്തിന് പ്രത്യേക മുൻഗണന നൽകുന്നുണ്ട്.ഇന്ധനക്ഷാമം ഉണ്ടെന്ന വ്യാജപ്രചാരണം നടത്തി അമിതവില ഈടാക്കുന്നവർക്കും അനധികൃത വ്യാപാരം നടത്തുന്നവർക്കുമെതിരെ നടപടി ശക്തമാക്കി.
സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് രാജ്യവ്യാപകമായി 4,028 പരിശോധനകൾ നടത്തി.ക്രമക്കേട് കണ്ടെത്തിയ 53 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. ഇതിൽ 20 ഏജൻസികളുടെ വിതരണാവകാശം സസ്‌പെൻഡ് ചെയ്തു. അനധികൃതമായി സൂക്ഷിച്ച 3,163 സിലിണ്ടറുകൾ അധികൃതർ കണ്ടുകെട്ടി.
ഉപഭോക്താക്കൾക്കുള്ള നിർദ്ദേശം:
പാചകവാതകത്തിന് രാജ്യത്ത് യാതൊരു ക്ഷാമവുമില്ലെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും കമ്പനി അഭ്യർത്ഥിച്ചു. സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനായി എച്ച്പിസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ അല്ലെങ്കിൽ 1800-2333-555 എന്ന ടോൾ ഫ്രീ നമ്പർ എന്നിവ പ്രയോജനപ്പെടുത്താം.
Story Summary:
Hindustan Petroleum Corporation Limited (HPCL) has dismissed rumors of a fuel and LPG shortage in India amid the Middle East conflict. The company clarified that 38 million liters of petrol and 69 million liters of diesel have already been distributed post-conflict, along with 1.44 million LPG cylinders on April 4th alone. HPCL conducted over 4,000 inspections to curb illegal trade, suspending 20 agencies and seizing over 3,000 cylinders. Consumers are urged to use official channels for bookings and ignore fake news.

