Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaചരിത്ര വികസനം: ആരോഗ്യ മേഖലയിൽ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം

ചരിത്ര വികസനം: ആരോഗ്യ മേഖലയിൽ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം

ആരോഗ്യ മേഖലയിൽ സാക്ഷാത്ക്കരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ 1800 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ മാസം വിവിധ തീയതികളിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്. ഇത്രയേറെ വികസന പദ്ധതികൾ ഒരുമിച്ച് സാക്ഷാത്ക്കരിക്കുന്നത് ഇതാദ്യമായാണ്. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതിലൂടെ സാധിക്കും.

ഫെബ്രുവരി 7 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോഴിക്കോട് (643.88 കോടി) 643.88 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സജ്ജമാക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനായി 60 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കുമിത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി നിർവഹിക്കും.

ഫെബ്രുവരി 9 സിസിആർസി (387 കോടി) മധ്യ കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് വൻ മാറ്റമുണ്ടാക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് മുഖ്യമന്ത്രി നിർവഹിക്കും. 387 കോടി ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ സിസിആർസി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

109.82 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ഹോംകോയുടെ രണ്ടാംഘട്ട രണ്ടാംഘട്ട വികസനം സാധ്യമാക്കിയത്. ഗുളികകളും ഓയിൽമെന്റുകളും നിർമ്മിക്കാൻ കഴിയുന്ന പുതിയ ഫാക്ടറിയുടെ ഉദ്ഘാടനമാണ് ഫെബ്രുവരി 13 ന് നിർവഹിക്കുന്നത്.

ഫെബ്രുവരി 14 നാണ് മലപ്പുറം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം. ഒരു കോടി രൂപ ചെലവഴിച്ചാണ് മലപ്പുറം കോട്ടക്കുന്നിൽ ഫുഡ് സ്ട്രീറ്റ് സജ്ജമായിരിക്കുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയത്.

കോട്ടയം മെഡിക്കൽ കോളേജിൽ 257 കോടി രൂപ ചെലവഴിച്ചാണ് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. 8 നിലകളിലായി 526 കിടക്കകളും, 14 ഓപ്പറേഷൻ തീയറ്ററുകളും, 44 ഐസിയു ബെഡുകളും, 12 ഐസൊലേഷൻ ബെഡുകളുമുണ്ട്. 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫെബ്രുവരി 16 ഉദ്ഘാടനം.

ഫെബ്രുവരി 20 ന് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (200 കോടി) ഉദ്ഘാടനം ചെയ്യും. ആയുർവേദ ചികിത്സാ, ഗവേഷണ രംഗത്തെ നാഴികക്കല്ലാണ് കണ്ണൂരിൽ 300 ഏക്കർ സ്ഥലത്ത് സജ്ജമാക്കുന്ന ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ). ഒന്നാംഘട്ടത്തിൽ 200 കോടി ചെലവഴിച്ച് 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഔഷധസസ്യ നഴ്സറി & റിസർച്ച് സെന്റർ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ 242.42 കോടി രൂപ ചെലവഴിച്ചാണ് 30,680 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ 14 നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 23 നാണ് ഇതിന്റെ ഉദ്ഘാടനം. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആർസിസിയ്ക്ക് ഏറെ സഹായകരമാണ് ഈ കെട്ടിടം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala