ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 1444 ഉദ്യോഗസ്ഥരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ (Assembly Elections 2026). ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിരീക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാണെന്ന് ഉറപ്പാക്കേണ്ടത് നിരീക്ഷകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പൊതു നിരീക്ഷകർ (General Observers): 714 പേർ, പോലീസ് നിരീക്ഷകർ (Police Observers): 233 പേർ, ചെലവ് നിരീക്ഷകർ (Expenditure Observers): 497 പേർ എന്നിങ്ങനെ ആകെ 1444 ഉദ്യോഗസ്ഥരെ ആണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്.
നിരീക്ഷകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ, എസ്.ഐ.ആർ (SIR) തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. വോട്ടെടുപ്പ് നടപടികൾ ക്രമപ്രകാരമാണെന്നും സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ കൃത്യമാണെന്നും നിരീക്ഷകർ ഉറപ്പുവരുത്തും.
പോലീസിന്റെ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷിക്കാൻ പ്രത്യേക പോലീസ് നിരീക്ഷകർക്ക് ചുമതലയുണ്ടാകും.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കി നിരീക്ഷകർ ഉടൻ തന്നെ അതത് സംസ്ഥാനങ്ങളിലേക്ക് തിരിക്കും.

