കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി (Director Ranjith Sexual Assault Case). രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങൾ അഞ്ച് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്നവയാണെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. എങ്കിലും ആരോപണങ്ങളുടെ ആഴത്തിലുള്ള വസ്തുതകളിലേക്ക് നിലവിൽ കടക്കുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഉള്ള സാധ്യത കണക്കിലെടുത്ത്, സംഭവം നടന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പോകുന്നത് കോടതി വിലക്കി. കൂടാതെ, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്നും കർശന നിർദ്ദേശമുണ്ട്. ഉപാധികൾ അംഗീകരിച്ചതിനെത്തുടർന്ന് രഞ്ജിത്ത് ജയിൽ മോചിതനായി.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. അഭിനയം മോശമായതിനാൽ നടിയുടെ ചില രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 250-ഓളം അണിയറപ്രവർത്തകരുള്ള സിനിമാ സെറ്റിൽ ഇത്തരമൊരു അതിക്രമം നടക്കാൻ സാധ്യതയില്ലെന്നും സിനിമയിലെ ചില വ്യക്തികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും രഞ്ജിത്ത് വാദിച്ചു.
ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായില്ല. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്നുവന്ന പരാതികളിൽ ഒന്നാണിത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Story Summary:
The Ernakulam First Class Judicial Magistrate Court stated that there is prima facie evidence against director Ranjith in a sexual assault case. Granting him bail on health grounds and the nature of charges, the court imposed strict conditions, including a ban on visiting the crime scene and traveling outside Ernakulam district. Ranjith denied the allegations, claiming the complaint was a retaliatory act for cutting the actress’s scenes due to poor performance and alleged a conspiracy by others in the industry.

