കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം (V Kunhikrishnan Allegations). പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്കെതിരെ പാർട്ടി ഔദ്യോഗിക വിശദീകരണം നൽകിയത്. ആരോപണങ്ങൾ കേവലം ‘അധരവ്യായാമം’ മാത്രമാണെന്ന് സി.പി.ഐ.എം പരിഹസിച്ചു. പയ്യന്നൂർ റൂറൽ ബാങ്കിലെ അക്കൗണ്ടിൽ (നമ്പർ 18795) നിന്നും മാറ്റിയ അഞ്ച് ലക്ഷം രൂപ പോയത് വ്യക്തിഗത അക്കൗണ്ടിലേക്കല്ല. “സെക്രട്ടറി, സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി” എന്ന പേരിലുള്ള ഔദ്യോഗിക അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്.
ആരോപണം ഉന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ഏരിയ സെക്രട്ടറിയായിരുന്ന കാലയളവിൽ ഇതേ അക്കൗണ്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത് വ്യക്തിഗത അക്കൗണ്ടാണെന്ന വാദം നിലനിൽക്കില്ല- പാർട്ടി വ്യക്തമാക്കുന്നു.
നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കിംഗ് ഇടപാടുകളിൽ വന്ന നിയന്ത്രണങ്ങൾ കാരണം പാർട്ടിയുടെ വിവിധ ആവശ്യങ്ങൾക്കായി തുകകൾ മാറ്റേണ്ടി വന്നിട്ടുണ്ട്. ഇത് ആരും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. എൽ.ഡി.എഫിന്റെ മൂന്നാം തുടർഭരണ സാധ്യതയും പയ്യന്നൂരിലെ ഇടതുപക്ഷ മുന്നേറ്റവും തകർക്കാൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി നടത്തുന്ന വ്യാജ പ്രചാരണമാണിതെന്ന് പാർട്ടി ആരോപിച്ചു.
പയ്യന്നൂരിലെ രാഷ്ട്രീയ ബോധമുള്ള ജനത ഇത്തരം അബദ്ധജടിലമായ ആരോപണങ്ങൾ തള്ളിക്കളയുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും സജീവമായത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണ്ണായകമാകും.
Short Story Summary:
The CPI(M) Payyanur Area Committee has refuted allegations made by UDF independent candidate V. Kunjikrishnan regarding the Dhanaraj Martyr’s Fund. The party clarified that the ₹5 lakh was transferred to the official account of the “Secretary, CPI(M) Payyanur Area Committee,” and not to any private individual’s account. They stated that Kunjikrishnan himself used this account during his tenure as secretary. The party dismissed the claims as baseless election-time propaganda aimed at weakening the LDF’s prospects for a third consecutive term.

