തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സി.എം.പി (CMP) തന്നെ മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോൺ (CP John candidate). മണ്ഡലം സി.എം.പിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധവും പോസ്റ്റർ പ്രചാരണവും നടക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം സെൻട്രൽ, കുന്നമംഗലം എന്നീ രണ്ട് സീറ്റുകളാണ് സി.എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തിരുവനന്തപുരത്ത് താനും, കുന്നമംഗലത്ത് സി.എൻ. വിജയകൃഷ്ണനും മത്സരിക്കുമെന്ന കാര്യം ചർച്ചാവേളയിൽ തന്നെ അറിയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം , തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ സി.പി. ജോണിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. “ആളില്ലാത്ത സി.എം.പിക്ക് സീറ്റ് നൽകരുത്”, “തിരുവനന്തപുരം സെൻട്രൽ കോൺഗ്രസ് തന്നെ നിലനിർത്തണം” തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഈ പ്രതിഷേധം നടക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക നേതാക്കൾക്കിടയിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ മുന്നണി ധാരണപ്രകാരം സീറ്റ് സി.എം.പിക്ക് തന്നെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി. ജോൺ.
Story Summary:
CMP General Secretary CP John confirmed that he will contest from the Thiruvananthapuram Central constituency despite protests within the Congress party. While posters appeared in front of the DCC office opposing a seat for CMP, John maintained that the party has officially requested Thiruvananthapuram Central and Kunnamangalam seats.

