തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കണ്ണൂരിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് (Brinda Karat). “സ്വർണം കട്ടത് ആരപ്പാ” എന്ന രാഹുലിന്റെ പാട്ടിന്, “പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” എന്ന മറുപാട്ടുമായാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. ബിജെപി നേതാക്കളും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അവർ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കവേ കോൺഗ്രസിന്റെ ഗ്യാരണ്ടി വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. തെലങ്കാന ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് മറിച്ചതായും അവർ കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്നും അവർ ചോദിച്ചു. “കേരളത്തെ തങ്ങളുടെ എടിഎം ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എൽഡിഎഫ് – ബിജെപി ഡീൽ എന്ന ആരോപണം കോൺഗ്രസിന്റെ വെറും നുണപ്രചാരണം മാത്രമാണ്,” ബൃന്ദ കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ വാക്പോര് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
Summary: CPI(M) leader Brinda Karat hit back at Rahul Gandhi’s musical critique in Kannur with her own satirical response: “Who showed Potti to Sonia?” She dismissed Congress’s poll guarantees as hollow, citing unfulfilled promises in Telangana. Karat further alleged that Congress diverted its votes to the BJP in Thrissur and Thiruvananthapuram and questioned the whereabouts of funds collected by Congress for Wayanad disaster relief.

