

തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ പ്രസ്താവനയുമായി ബിജെപി നേതാവ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് വി. മാരാർ ആണ് ബലാത്സംഗത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
'അജയ് ഉണ്ണി തൊടുപുഴ' എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ പ്രതികരണം. "ആണുങ്ങൾക്ക് ഇനിയും മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ നേരെ ചെന്ന് ബലാത്സംഗം ചെയ്യണം.. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല" എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്കിടെയാണ് അജയ് ഇത്തരമൊരു പ്രകോപനപരമായ കുറിപ്പ് പങ്കുവെച്ചത്.
ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തക ഷിംജിത മുസ്തഫ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് മനോവിഷമത്തിൽ ദീപക് ജീവനൊടുക്കിയത്. ഈ സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. ഷിംജിത നിലവിൽ ഒളിവിലാണെന്നാണ് സൂചന.
ക്രിമിനൽ കുറ്റത്തിന് പരസ്യമായി ആഹ്വാനം ചെയ്ത അജയ് മാരാർക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ലജ്ജാകരമാണെന്ന് വിമർശനം ഉയരുന്നുണ്ട്. പരാമർശം വിവാദമായതോടെ സൈബർ ഇടങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.