കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തുടർന്നുണ്ടായ പാർട്ടി നടപടികളും വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിൽ, അണികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും ഇന്ന് വിശദീകരണ യോഗങ്ങൾ ചേരും. (Martyrs Fund scam controversy, CPM explanatory meetings in local committees today)
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിലെ പാർട്ടി നിലപാടും യോഗങ്ങളിൽ വിശദീകരിക്കും. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ളവയിൽ ധനാപഹരണം നടന്നിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കൈക്കോടാലിയായി പ്രവർത്തിക്കുന്നുവെന്നും അച്ചടക്കലംഘനം നടത്തിയെന്നുമാണ് നേതൃത്വത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, അണികൾക്കിടയിലുള്ള ആശയക്കുഴപ്പം നീക്കി മുഖം രക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.



