തിരുവനന്തപുരം: കോർപ്പറേഷനിലടക്കം നേടിയ മികച്ച വിജയം ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബി.ജെ.പി. ഇത്തവണ സംസ്ഥാനമൊട്ടാകെ ഒരേ രീതിയിൽ പ്രചാരണം നടത്തുന്നതിന് പകരം, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മൈക്രോ ലെവൽ’ തന്ത്രമാണ് പാർട്ടി ആവിഷ്കരിക്കുന്നത്.(Assembly elections, BJP prepares for contest in Kerala)
ശക്തമായ സഖ്യത്തിലൂടെ വോട്ടുവിഹിതം കൂട്ടാനാണ് എൻ.ഡി.എ. ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് 30 ഓളം സീറ്റുകൾ നൽകിയേക്കും. എസ്.എൻ.ഡി.പി. യോഗത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. എൻ.ഡി.എയുമായി സഹകരിക്കുന്ന ട്വന്റി 20-ക്ക് എറണാകുളം ജില്ലയിലെ സ്വാധീനമേഖലകൾ ഉൾപ്പെടെ 10 സീറ്റുകൾ നൽകാൻ സാധ്യതയുണ്ട്. ബാക്കിയുള്ള 100 സീറ്റുകളിൽ ബി.ജെ.പി. നേരിട്ട് മത്സരിക്കും. ഇതിൽ പൊതുസമ്മതരായ സ്വതന്ത്രരെയും ഉൾപ്പെടുത്തും.
ശക്തമായ വോട്ടുബാങ്കുണ്ടെന്ന് പാർട്ടി കരുതുന്ന മേഖലകളിൽ പ്രത്യേക പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും. തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, പാലക്കാട് ടൗൺ, ഷൊർണൂർ, കോഴിക്കോട് നഗരം, തലശ്ശേരി, മഞ്ചേശ്വരം എന്നിവിടങ്ങളിലും പ്രതീക്ഷയുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ദേശീയ നേതാക്കൾ ഉടൻ കേരളത്തിലെത്തും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അടുത്ത ദിവസം തന്നെ എത്തും. ബി.ജെ.പി. ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബീൻ ഫെബ്രുവരി ആദ്യവാരം കേരളത്തിലെത്തും.



