

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്ലീൻ ചിറ്റ് റദ്ദാക്കിക്കൊണ്ടുള്ള വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.(No further investigation against ADGP Ajith Kumar, High Court quashes Vigilance Court order cancelling clean chit )
ഈ വിഷയത്തിൽ ഇനി പരാതി നൽകണമെങ്കിൽ, പരാതിക്കാർ മുൻകൂർ അനുമതി തേടണം എന്നും അതിനുശേഷം വീണ്ടും പരാതി നൽകാവുന്നതാണെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വിജിലൻസ് കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ വാദം കേട്ട ഹൈക്കോടതി, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കുകയും ചെയ്തു.
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം.ആർ. അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാർ വാദിച്ചത്.
ഒരു എം.എൽ.എ. മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.