കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ കേസ് ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസുമായി ബന്ധപ്പെട്ട ഹർജിയാണിത്. ഈ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.(High Court says Rahul Mamkootathil's second bail application will be considered after the Christmas vacation)
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയെങ്കിലും, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികളിൽ വ്യാഴാഴ്ച ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം മാറ്റിവെച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിംഗിൾ ബെഞ്ച് ഈ തീരുമാനം എടുത്തത്.
രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ല വിട്ടുപോവരുത്. ജില്ലയിൽ ഉണ്ടാകണമെന്ന് എസ്.ഐ.ടി. നിർബന്ധമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും, ഈ ഉത്തരവിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കോടതി നടപടികൾ നടക്കുന്നതിനിടെ, അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് ക്ഷേത്രദർശനത്തിനായി സ്കൂട്ടറിൽ പുറപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ നിരീക്ഷിച്ച് പോലീസ് സംഘം പിന്നാലെ പാഞ്ഞു. രാഹുൽ പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായി വീടിന് മുന്നിൽ കാവലുണ്ടായിരുന്ന ഷാഡോ പോലീസ് സംഘമാണ് പിന്തുടർന്നത്.
കേസുമായി ബന്ധപ്പെട്ട് അഭിഭാഷകരെ കാണാനായി എറണാകുളത്ത് പോയ ശേഷമാണ് രാഹുൽ ഇന്നലെ അടൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇന്ന് രാവിലെ രാഹുൽ സ്കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാൻ നിർദ്ദേശമുള്ളതിനാലാണ് പോലീസ് സംഘം അദ്ദേഹത്തെ പിന്തുടർന്നത്. കുറച്ചു സമയത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുൽ കഴിഞ്ഞ 11-നാണ് പാലക്കാട് തിരിച്ചെത്തിയത്.
അന്വേഷണ സംഘത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് രാഹുൽ നടത്തിയത്. രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത് ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്നാണ്. അന്വേഷണ സംഘം ഇതുവരെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.