കായംകുളം: പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് യു.ഡി.എഫ് നേതാവിൽ നിന്ന് ഉണ്ടായതെന്ന് യു. പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു (U Pratibha Press Meet Kayamkulam). വാർത്താസമ്മേളനത്തിനിടെ വിതുമ്പിക്കൊണ്ടാണ് താൻ നേരിട്ട മാനസിക വിഷമത്തെക്കുറിച്ച് അവർ സംസാരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കർശനമായ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഇത്തരമൊരു കടന്നാക്രമണം നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
“വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വൽപ്പനയ്ക്ക് വെച്ചുകൊണ്ടാണ് യു. പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്” എന്ന യു.ഡി.എഫ് മണ്ഡലം കൺവീനർ എ. ഇർഷാദിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് പ്രതിഭ പറഞ്ഞു. ഒരു തൊഴിൽ ചെയ്യുന്ന സ്ത്രീക്കും ഇത്തരം മ്ലേച്ഛമായ വാക്കുകൾ കേൾക്കാൻ ഇടവരരുത്. അതുകൊണ്ട് തന്നെ ഇർഷാദിന്റെ ഖേദപ്രകടനം അംഗീകരിക്കാൻ സാധിക്കില്ല.
എൽ.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യതയിൽ അസ്വസ്ഥരായ യു.ഡി.എഫ് നേതാക്കൾ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയാതെ വ്യക്തിഹത്യയിലേക്ക് കടക്കുകയാണെന്നും അവർ ആരോപിച്ചു.ഈ വ്യക്തി മുൻപും സമാനമായ രീതിയിൽ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞുവെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് എ. ഇർഷാദ് വിവാദ പ്രസംഗം നടത്തിയത്. മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ അധിക്ഷേപം. എന്നാൽ വേദിയിലുണ്ടായിരുന്നവർ ഇത് തിരുത്താൻ തയ്യാറായില്ലെന്നത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
News Summary:
Kayamkulam MLA and LDF candidate U. Pratibha has announced that she will move forward with legal action against UDF Mandalam Convenor A. Irshad for his misogynistic remarks. Speaking with teary eyes, Pratibha stated that such derogatory comments regarding a woman’s physical appearance and character are an insult to all women in public life. She rejected the possibility of accepting an apology, noting that the incident violated the Election Commission’s strict guidelines against personal vilification. The controversy erupted following Irshad’s speech at a UDF convention where he allegedly claimed Pratibha was “marketing her eloquence and physical beauty” to win the election.

