കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ ആർഎസ്പിയിൽ (RSP) ഭിന്നത രൂക്ഷമാകുന്നു (RSP Party Resignation Saji D Anand). പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് രാജിവെച്ചു. എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന് ചവറയിൽ സീറ്റ് നിഷേധിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഷിബു ബേബി ജോണിന്റെ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സജി ഡി. ആനന്ദ് പ്രതികരിച്ചത്.
എല്ലാ കമ്മിറ്റികളിലും ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നിട്ടും കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാത്തത് ഷിബു ബേബി ജോണിന്റെ ഏകാധിപത്യമാണെന്ന് അദ്ദേഹം ആരോപിച്ചു. കാർത്തിക് ജയിച്ച് മന്ത്രിയായാൽ പാർട്ടിയിൽ ഒരു കുടുംബത്തിന്റെ സ്വാധീനം വർദ്ധിക്കുമെന്ന ഭയമാണ് നേതാക്കൾക്കെന്ന് സജി ഡി. ആനന്ദ് പറഞ്ഞു. “ജയിക്കും എന്നതുതന്നെയാണ് കാർത്തിക്കിന്റെ അയോഗ്യത” എന്നും അദ്ദേഹം പരിഹസിച്ചു.
രണ്ടുതവണ പരാജയപ്പെട്ട ഷിബു ബേബി ജോൺ മാറിനിന്ന് യുവാക്കൾക്ക് അവസരം നൽകണമായിരുന്നു. പകരം ചവറയിൽ ‘നേർച്ചക്കോഴി’യെ കൊണ്ടിറക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി രാഷ്ട്രീയമില്ലാതെ ജീവിച്ചാലും ആർഎസ്പിയിൽ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർവൈഎഫ് (RYF) സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ ചവറയിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ചവറയിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദും രാജി സമർപ്പിച്ചിരുന്നു. കൊല്ലം ജില്ലയിലെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഈ രാജികൾ വലിയ ആഘാതമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രമുഖ നേതാക്കൾ പാർട്ടി വിടുന്നത് യുഡിഎഫ് ക്യാമ്പിലും ആശങ്ക പരത്തിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാക്കൾ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Story Summary: Crisis deepens in RSP as State Committee member Saji D. Anand resigned, slamming Shibu Baby John over seat distribution. The protest is mainly against denying a seat to Karthik Premachandran, son of N.K. Premachandran MP, in Chavara. Saji alleged that the leadership fears the rise of young talent. This follows the resignation of Eravipuram secretary N. Naushad over similar issues.

