കുന്നത്തുനാട് (എറണാകുളം): നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ ബിജെപി-ട്വന്റി20 സഖ്യം കൈകോർക്കുന്നു (Kunnathunadu NDA candidate). എൻഡിഎ സ്ഥാനാർത്ഥിയായി അടൂർ മുൻ നഗരസഭാ ചെയർമാനും മുൻ കോൺഗ്രസ് നേതാവുമായ ബാബു ദിവാകരനെ പ്രഖ്യാപിച്ചു. കുന്നത്തുനാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് എൻഡിഎ പ്രഖ്യാപിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാണ് ബാബു ദിവാകരൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിക്കൊപ്പം ചുവരെഴുതി പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ‘ചക്ക’യാണ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.
സാബു എം. ജേക്കബിന്റെ വിമർശനം
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ സിറ്റിംഗ് എംഎൽഎ പി.വി. ശ്രീനിജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സാബു ജേക്കബ് ഉന്നയിച്ചത്. കുന്നത്തുനാട്ടിലെ ഇടത്-വലത് എംഎൽഎമാർ കോടീശ്വരന്മാരായി മാറുമ്പോൾ, സ്വന്തമായി കിടപ്പാടമില്ലാത്ത സ്ഥാനാർത്ഥിയെയാണ് എൻഡിഎ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “2006-ൽ മത്സരിക്കുമ്പോൾ 4 ലക്ഷം രൂപയായിരുന്ന ശ്രീനിജന്റെ സ്വത്ത് 2021-ൽ 18 കോടിയായി ഉയർന്നു. യാതൊരു തൊഴിലും ചെയ്യാതെ കോടികൾ സമ്പാദിക്കുന്ന ഈ മാജിക് യുവജനങ്ങൾക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് തൊഴിൽ തേടി വിദേശത്ത് പോകേണ്ടി വരില്ല,” സാബു ജേക്കബ് പരിഹസിച്ചു.
മുന്നണി മാറ്റം
തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കോൺഗ്രസ് വിട്ട് എൻഡിഎ പാളയത്തിലെത്തിയ ബാബു ദിവാകരന്റെ സ്ഥാനാർത്ഥിത്വം കുന്നത്തുനാട്ടിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിതുറക്കുമെന്ന് ഉറപ്പായി. സിറ്റിംഗ് എംഎൽഎ പി.വി. ശ്രീനിജൻ തന്നെയാണ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി.
Story Summary:
In a significant political move, the NDA has announced former Congress leader and Adoor Municipality ex-chairman Babu Divakaran as its candidate for the Kunnathunadu constituency. The announcement was made by Twenty20 State President Sabu M. Jacob during a convention attended by BJP State President Rajeev Chandrasekhar. Sabu Jacob criticized sitting MLA P.V. Srinijin, highlighting the drastic increase in his assets over the years. Babu Divakaran is the first candidate to be officially announced by the NDA in Kerala for the 2026 elections, contesting under the ‘Jackfruit’ symbol.

