തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം (K Sudhakaran Facebook post row). സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന പോസ്റ്റ് തള്ളിക്കൊണ്ട്, അങ്ങനെയൊരു അക്കൗണ്ടുള്ള കാര്യം സുധാകരന് പോലുമറിയില്ലെന്ന വിചിത്ര വാദമാണ് സതീശൻ ഉയർത്തിയത്. ബ്ലൂ ടിക്ക് ഉള്ള വെരിഫൈഡ് പ്രൊഫൈലിനെക്കുറിച്ചാണ് സതീശൻ ഇത്തരമൊരു പരാമർശം നടത്തിയത്. സുധാകരന്റെ അറിവോടെയല്ല പോസ്റ്റ് വന്നതെന്നാണ് സതീശന്റെ വാദം. എന്നാൽ സ്വന്തം പേരിൽ വെരിഫൈഡ് പേജുള്ള കാര്യം പോലും അറിയാത്ത ആളാണോ സുധാകരൻ എന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ജനങ്ങളെയും മാധ്യമങ്ങളെയും വിഡ്ഢികളാക്കുന്ന പ്രസ്താവനയാണിതെന്ന് വിമർശകർ പറയുന്നു. സുധാകരന്റെ പേജ് കൈകാര്യം ചെയ്യുന്നത് ആർ.എസ്.എസ് ശാഖയാണോ എന്ന് വരെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയർന്നു. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘അത് നിങ്ങളോട് പറയേണ്ട കാര്യമില്ലല്ലോ’ എന്ന് സതീശൻ രൂക്ഷമായി പ്രതികരിച്ചതും വിവാദമായിട്ടുണ്ട്.
അതേസമയം , സുധാകരന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ അദ്ദേഹത്തിന്റെ അണികൾ പരസ്യമായി രംഗത്തെത്തി. സുധാകരനെ അപമാനിക്കാനാണ് നോക്കുന്നതെങ്കിൽ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് അനുയായി ജയന്ത് ദിനേശ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കണ്ണൂരിൽ മത്സരിക്കുമെന്ന് സുധാകരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വി.ഡി. സതീശനും ഇതിനെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം തെരുവിലേക്കെത്തിയത്. ഈ ആഭ്യന്തര കലഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്.
Story Summary: A political row has erupted in the Kerala Congress over the Kannur assembly seat. Opposition leader V.D. Satheesan claimed that K. Sudhakaran MP is unaware of his own verified Facebook page, following a post regarding his candidacy. This statement has invited massive trolls on social media. Meanwhile, Sudhakaran’s supporters have warned the leadership against sidelining him in Kannur.

