HomeKerala Assembly Election 2026സിപിഎമ്മുമായി വഴിപിരിഞ്ഞ് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; യുഡിഎഫ് പിന്തുണയുണ്ടാകുമെന്ന്...

സിപിഎമ്മുമായി വഴിപിരിഞ്ഞ് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; യുഡിഎഫ് പിന്തുണയുണ്ടാകുമെന്ന് സൂചന | G Sudhakaran Independent Candidate

ആലപ്പുഴ : 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് ജി. സുധാകരൻ ഇടതുപക്ഷവുമായി അകലുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ (G Sudhakaran Independent Candidate). അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
മാർച്ച് ആദ്യവാരം നടന്ന പാർട്ടി മെമ്പർഷിപ്പ് വെരിഫിക്കേഷന്റെ ഭാഗമായി അംഗത്വം പുതുക്കാൻ സുധാകരൻ തയ്യാറായില്ല. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്രകമ്മിറ്റിയംഗം സി. എസ്. സുജാതയും ഉൾപ്പെട്ട സംഘം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അനുനയ നീക്കങ്ങൾ പാർട്ടി ഔദ്യോഗികമായി അവസാനിപ്പിച്ചു.

അതേസമയം , സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന് പിന്തുണ നൽകാൻ യുഡിഎഫ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതൃത്വം ഇതിനോടകം തന്നെ സുധാകരനുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ നടത്തിയ പരിഹാസ രൂപേണയുള്ള പരാമർശങ്ങളാണ് സുധാകരനെ ചൊടിപ്പിച്ചത്. കൂടാതെ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമുമായുള്ള ഭിന്നതയും ആലപ്പുഴയിലെ വിഭാഗീയതയും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് അകറ്റി.

അമ്പലപ്പുഴയിലോ അല്ലെങ്കിൽ കുട്ടനാട്ടിലോ അദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Clickable Info Box