തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾ. പ്രശസ്ത താരം ഡോ. റോബിൻ രാധാകൃഷ്ണനും വൈക്കത്തെ മുൻ സിപിഐ എംഎൽഎ കെ. അജിത്തും ബിജെപിയിൽ ചേർന്നു (Dr Robin Radhakrishnan BJP). തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ റോബിൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ട്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ റോബിന്റെ വരവ് സഹായിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
2006, 2011 വർഷങ്ങളിൽ വൈക്കത്ത് നിന്ന് സിപിഐ ടിക്കറ്റിൽ എംഎൽഎയായ അജിത്തിന്റെ പാർട്ടി മാറ്റം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. ദളിത് വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സിപിഐ വിട്ടതെന്ന് അജിത് വ്യക്തമാക്കി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
റോബിൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നോ അല്ലെങ്കിൽ കൊല്ലം ഭാഗത്തോ മത്സരിക്കാനാണ് സാധ്യത. കെ. അജിത് തന്റെ പഴയ തട്ടകമായ വൈക്കത്തോ പരിസര മണ്ഡലങ്ങളിലോ എൻഡിഎ സ്ഥാനാർത്ഥിയായേക്കും.
Story Summary: Former Bigg Boss star Dr. Robin Radhakrishnan and senior CPI leader K. Ajith (former Vaikom MLA) joined the BJP in a ceremony at Mararji Bhavan. BJP State President Rajeev Chandrasekhar welcomed them to the party. K. Ajith cited neglect of Dalit communities by the LDF government as the reason for leaving CPI. Dr. Robin is expected to contest in the upcoming 2026 Kerala Assembly elections.

