പനമരം: ദുരന്തബാധിതർക്ക് വീട് വാഗ്ദാനം ചെയ്ത് കോടികൾ പിരിച്ച ശേഷം ഒരു ഇഷ്ടിക പോലും വെക്കാതെ പണം ധൂർത്തടിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒളിച്ചോടുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ (A Vijayaraghavan). പനമരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണകൾ കൊണ്ട് വീട് നിർമ്മിച്ച് വീണിടത്ത് കിടന്ന് ഉരുളുകയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹത്തിന്റെ പ്രധാന ജോലി നുണ നിർമ്മാണമാണെന്നും വിജയരാഘവൻ പരിഹസിച്ചു.
നടപ്പാക്കാനുള്ളതല്ല, മറിച്ച് ജനങ്ങളെ വഞ്ചിക്കാനുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. 600 രൂപ ക്ഷേമപെൻഷൻ 18 മാസം നൽകാത്തവരാണ് ഇപ്പോൾ മൂവായിരം രൂപ നൽകാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാത്തതിലാണ് രാഹുൽ ഗാന്ധിയുടെ വിഷമം. നരേന്ദ്ര മോദിക്കെതിരെ പോരാടുന്ന മുഖ്യമന്ത്രിമാരെ ജയിലിലടപ്പിക്കലാണ് രാഹുലിന്റെ പണി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ അധഃപതനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി-കോൺഗ്രസ് സഖ്യം: കോൺഗ്രസിനും ബിജെപിക്കും കേരളത്തോട് വിരോധമാണ്. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിക്കുന്നവർക്ക് കേരളത്തിൽ അതിന് സാധിക്കാത്തതിന്റെ വിഷമമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നന്മയും വളർച്ചയും തകർക്കലാണ് ഇരു കൂട്ടരുടെയും ലക്ഷ്യം. വികസനത്തിന്റെ വഴിയിൽ മുന്നോട്ട് പോകണോ അതോ ഇരുട്ടിലേക്ക് മടങ്ങണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം. ആത്മവിശ്വാസമുള്ള മലയാളിയെ സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്നും എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും വിജയരാഘവൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Story Summary:
CPIM Politburo member A. Vijayaraghavan launched a scathing attack on Opposition Leader V.D. Satheesan and Rahul Gandhi during an election rally in Panamaram. He accused Satheesan of failing to build houses for disaster victims despite collecting ₹150 crore and criticized Rahul Gandhi for allegedly wanting to see CM Pinarayi Vijayan imprisoned. Vijayaraghavan asserted that the LDF will secure a third consecutive term to continue Kerala’s development.

