
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന അശോക ട്രാവൽസ് എന്ന സ്വകാര്യ ബസിന് തീപിടിച്ചു(Bus Fire). തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ ഒരുമണിയോടെ കർണാടകയിലെ മദ്ദൂരിൽ വച്ചാണ് സംഭവം നടന്നത്.
ബസിന്റെ പിൻഭാഗത്തു നിന്നാണ് തീ പടർന്നെന്നാണ് പ്രാഥമിക വിവരം. ഈ സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയും ചെയ്തു. ബസിന്റെ പിൻഭാഗം പൂർണമായും കത്തി നശിച്ചു. അപകടത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിട്ടു.