
കണ്ണൂർ: 25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരിയാരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. (Medical negligence)
കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റർ നീളമുള്ള സൂചിക്കഷ്ണം കണ്ടെത്തിയത്. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.
അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുള്ള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളജിന്റെ വിശദീകരണം.