
ചണ്ഡിഗഢ്: ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തി പ്രധനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബം ദളിത് വിരുദ്ധരും, ദളിതരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമാണെന്നാണ് മോദിയുടെ ആരോപണം.(PM Narendra Modi against Gandhi family)
താൻ അധികാരത്തിലുള്ളയിടത്തോളം കാലം അംബേദ്‌കർ സംഭാവന ചെയ്ത സംവരണത്തിൻ്റെ ഒരു വിഹിതം പോലും നീക്കിക്കളയാനോ, അപഹരിക്കാനോ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ ദളിത്, ഒ ബി സി, ആദിവാസി വിരുദ്ധരാണെന്നും കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തുന്ന പക്ഷം അവർ ദളിത് സംവരണം അവസാനിപ്പിക്കുമെന്നും മോദി ആരോപിച്ചു.
പ്രധാനമന്ത്രിയായ നെഹ്‌റുവും ആദ്യം സംവരണത്തിനെതിരായിരുന്നുവെന്ന് പറഞ്ഞ മോദി, സംവരണാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജോലി ലഭിച്ചാൽ സർക്കാർ സേവനങ്ങളുടെ ഗുണമേന്മ കുറയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും കൂട്ടിച്ചേർത്തു.
ഒ ബി സി സംവരണം മുടങ്ങിയത് നെഹ്‌റുവിൻ്റെ മകൾ ഇന്ദിര ഗാന്ധിയുടെ കാലത്താണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജീവ് ഗാന്ധിയും സംവരണത്തിനെതിരായിരുന്നുവെന്നും, ഇത്തരത്തിൽ ജോലി ലഭിക്കുന്നവരെ രാജീവ് ഒരു അഭിമുഖത്തിൽ 'ബുദ്ധു' എന്ന് അഭിസംബോധന ചെയ്തുവെന്നും പ്രതികരിച്ചു.