
ശ്രീനഗര്‍: നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.(Omar Abdullah)
ഒമർ കശ്മീരിൻ്റെ മുഖ്യമന്ത്രി പദത്തിലേറുന്നത് ഇത് രണ്ടാം തവണയാണ്. സത്യവാചകം ചൊല്ലിക്കൊടുത്തത് ലഫ്റ്റൻറ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ്.
നാഷണൽ കോൺഫറൻസ് പാർട്ടിയിലെ മറ്റു അംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി, സ്വതന്ത്രനായ സതീഷ് ശര്‍മ എന്നിവരും ഒമറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി ജമ്മുവിൽ നിന്നുള്ള സുരീന്ദർ ചൗധരിയാണ്.
മന്ത്രിസഭയിലെ ഒഴിവുകൾ ക്രമേണ നികത്തുമെന്നാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് ശ്രീനഗറിലെ ഷേരി-കശ്മീര്‍ ഇൻ്റർനാഷണൽ കണ്‍വെന്‍ഷന്‍ സെൻ്ററിലായിരുന്നു.
അതേസമയം, ഒമർ മന്ത്രിസഭയിൽ ഭാഗമാകുന്നില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. തൽക്കാലം മന്ത്രിസഭയിൽ ചേരാതിരിക്കാൻ തീരുമാനമെടുത്തത് 2 മന്ത്രിസഥാനം ആവശ്യപ്പെട്ടപ്പോൾ 6 എം എൽ എമാർ ഉള്ള കോൺഗ്രസിന് ഒരു മന്ത്രി സ്ഥാനം മാത്രമേ നൽകാൻ സാധിക്കൂവെന്ന് അറിയിച്ചതോടെയാണ്.