
മുംബൈ: മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്നാണ്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും, ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളുമാണുള്ളത്.(Maharashtra, Jharkhand Election 2024 )
എക്സിറ്റ് പോൾ വിലയിരുത്തുന്നത് രണ്ടിടത്തും ബി ജെ പി സഖ്യത്തിനാണ് മുൻതൂക്കമെന്നാണ്. എന്നാൽ, ഇന്ത്യ സഖ്യം പറയുന്നത് രണ്ടിടങ്ങളിലും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ്. മഹാരാഷ്ട്രയിൽ കേവലഭൂരിപക്ഷത്തിനായി 145 സീറ്റും, ഝാർഖണ്ഡിൽ 42 സീറ്റുമാണ് വേണ്ടത്.
അതേസമയം, ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ ഇന്ത്യ മുന്നണിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു.
ഫലമറിയാൻ വളരെക്കുറച്ച് സമയം മാത്രം ശേഷിക്കെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച നടത്തിയത് കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം പി, എൻ സി പി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ്.