
മുംബൈ: മഹാരാഷ്ട്രയിൽ സർവ്വ സന്നാഹങ്ങളോടെയും തെരഞ്ഞെടുപ്പ് ഫലത്തെ വരവേൽക്കാനൊരുങ്ങുകയാണ് മുന്നണികൾ. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലമറിയുന്നയുടൻ എം എൽ എമാരെ ഹോട്ടലിലേക്ക് മാറ്റാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡിയുടെ നീക്കം.(Maharashtra elections 2024 )
ഇതിൻ്റെ ഭാഗമായി ഹൈക്കമാൻഡ് അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി പരമേശ്വര എന്നിവരെ നിരീക്ഷകരായി നിയോഗിച്ചിരിക്കുകയാണ്. അതേസമയം, ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കിയിരിക്കുകയാണ് ബി ജെ പി മുന്നണിയായ മഹായുതി.
മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും, ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളുമാണുള്ളത്. എക്സിറ്റ് പോൾ വിലയിരുത്തുന്നത് രണ്ടിടത്തും ബി ജെ പി സഖ്യത്തിനാണ് മുൻതൂക്കമെന്നാണ്. എന്നാൽ, ഇന്ത്യ സഖ്യം പറയുന്നത് രണ്ടിടങ്ങളിലും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ്.
മഹാരാഷ്ട്രയിൽ കേവലഭൂരിപക്ഷത്തിനായി 145 സീറ്റും, ഝാർഖണ്ഡിൽ 42 സീറ്റുമാണ് വേണ്ടത്. ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ ഇന്ത്യ മുന്നണിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. മഹാവികാസ് അഖാഡിയിലെ നേതാക്കൾ തന്ത്രപരമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച നടത്തിയത് കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം പി, എൻ സി പി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ്.