
റാഞ്ചി: ഝാർഖണ്ഡിൽ രണ്ടാം തവണയും അധികാരം പിടിച്ചടക്കി ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം ) നേതാവ് ഹേമന്ത് സോറൻ (Jharkhand Election 2024). ഝാർഖണ്ഡിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലം പോലും തകർത്താണ് ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ വിജയം. 81 അംഗനിയമസഭയിൽ 31 സീറ്റുകളാണ് ജെ.എം.എം നേടിയത്. അതുൾപ്പെടെ ചേർത്ത് ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് നില 54 ആയി. കേവല ഭൂരിപക്ഷം തികക്കാൻ 41 സീറ്റുകൾ മതി. ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇൻഡ്യ സഖ്യം മുന്നിലെത്തി.
'ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.'-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.